എസ്.കെയെ കൂക്കിയ കാമ്പസ്;
പയ്യോളി വി.പി റോഡിന്റെ നാട്ടു ചരിത്രം

 ഇ.സുരേഷിന്റെ ആത്മാന്വേഷണങ്ങൾ തുടരുന്നു
E Suresh 12-05-2022
  അവസാന വർഷ പരീക്ഷ അടുത്തപ്പോൾ തലയിലുള്ളത് മുഴുവനായെടുത്ത് മേശപുറത്ത് വെച്ച് പരിശോധിച്ചു.ജീവിത വിജയത്തിനായി പ്രൊഫസർ പറഞ്ഞു തന്ന കാര്യങ്ങൾ എന്തൊക്കെ അതിലുണ്ട് എന്നു കാണാൻ . ഗണിതവും സാഹിത്യവും പരിഹാസ ചിത്ര കലയും എല്ലാം കുഴഞ്ഞുമറഞ്ഞു കിടക്കുകയാണ്. അതിൽ ഗണിതം മാത്രം പരിചയം കാട്ടാതെ മുഖം തിരിച്ച് മാറി നില്ക്കുന്നു. ഈ ഗണിതത്തെ മാത്രം വിശ്വസിച്ചാണ് മൂന്ന് വർഷങ്ങളിലും നേരം തെറ്റാതെ അമ്മ പ്രാതൽ തയ്യാറാക്കി തന്ന് പറഞ്ഞു വിട്ടത്. റീസന്റ് ടൈലേർസ് ബെൽ ബോട്ടം പാൻസ് തയ്ച്ച് തന്നതും രാമൂസ് ഹെയർ ഡ്രസ്സേർസ് ബച്ചൻകട്ട് ഒപ്പിച്ചു തന്നതും ഗണിതം കീശയിലും തലയിലും നിറയ്ക്കാൻ വേണ്ടിയായിരുന്നു. നല്ല സുഹൃത്ത് ആക്കാൻ വേണ്ടി ഗണിതത്തിന്റെ തോളിൽ കയ്യിട്ട് ഞാൻ നടക്കാൻ ശ്രമിച്ചു. അവൻ കൈ തട്ടി മാറ്റി . പയ്യോളി ചന്ദ്രികാ ഷോപ്പിൽ നിന്നും നല്ല മധുര നാരങ്ങ തിരഞ്ഞെടുത്ത് അവന് കൊടുത്തു. ഞാൻ അവനെ പ്രലോഭിപ്പിച്ചു. " പറയുന്നതെന്തും വാങ്ങിത്തരാം. വരൂ എന്റെ കൂടെ . "യൂനിവേർസിറ്റി സ്റ്റഡി സെന്ററിലും ഡിപ്പാർട്ട്മെന്റ് അദ്ധ്യാപകരുടെ മേശക്കരികിലും അവനെ .

  അയ്യർ മാഷുടെ വീടിന്റെ മുകൾ തട്ടിലെ ബാൽക്കണിയിൽ ഒരുക്കിയ ക്ലാസ്സിൽ ഇരുന്നപ്പോൾ അവൻ എന്നെ നോക്കി ഒന്നു ചിരിച്ചു. മന്ദസ്മിതം. എനിക്ക് ആശ്വാസമായി. ആശാൻ കമ്പനിയായി.

കോളേജ് ഡേക്ക് അവനെ വീട്ടിൽ തന്നെ ഇരുത്തി ഞാൻ പറഞ്ഞു. ഇന്നു നീ കൂടെ വരേണ്ട . ഇന്ന് എനിക്ക് ആർമാടാനുള്ള ദിവസമാണ്. അവൻ കിടക്കയിൽ ചുരുണ്ടു കിടന്ന് പുതപ്പ് വലിച്ച് ദേഹത്തിട്ടു. കുന്നിൽ മുകളിലെ കോളേജിൽ കോളാമ്പി സ്പീക്കറിൽ ബോണിയം തകർക്കുന്നത് താഴെ നിന്നു തന്നെ കേട്ടാസ്വദിച്ചു. പ്രണയിനിയോട് ഭാവി ജീവിതത്തെ കുറിച്ച് പറയാൻ മൂഡ് സംഭരിക്കാനായി ലഹരി ഗുളിക കഴിച്ച സുഹൃത്ത് ഏതോ ഒരു മുറിയിലെ ഏതോ ഒരു ബെഞ്ചിൽ ബോധമറ്റു കിടന്നു.

  ഉൽഘാടനത്തിനായി എസ്.കെ.പൊറ്റക്കാട് അംബാസിഡർ കാറിൽ വന്നിറങ്ങി. അതിരാണിപാടത്തിന്റെ കഥാകാരൻ മൈക്കിനു മുന്നിൽ വന്നു നിന്ന് കൈകൂപ്പിയപ്പോൾ ഹാളിൽ കൂവൽ ഉയർന്നു. ഓഡിറ്റോറിയത്തിന്റെ മേൽക്കൂര പറന്നു പോകും വിധമുള്ള കൂകൽ.എസ്.കെ ഒന്നു പതറി. പതറിയില്ല എന്ന് അഭിനയിച്ചു കൊണ്ട് കൂകലിനിടയിൽ വ്യക്തമല്ലാതെ പോയ ഒന്നു രണ്ടു വാക്കുകൾ പറഞ്ഞു കൊണ്ട് തിരികെ സീറ്റിൽ വന്നിരുന്നു. അടുത്തയാൾ സംസാരിക്കാനെഴുനേറ്റപ്പോഴും അതേ താളത്തിലുള്ള കൂകൽ ഉയർന്നു. എസ്.കെ യുടെ മുഖം പ്രകാശിച്ചു. "ഓ അത് എനിക്കുള്ളതായിരുന്നില്ല. ഇവിടത്തെ അദ്ധ്യാപകർക്കുള്ളതാണ്". ജ്ഞാനപീഠ സാഹിത്യകാരൻ തിരിച്ചു പോകുമ്പോൾ ഒരു കൂട്ടുകാരന്റെ കൂടെ പിറകെ ഓടി. ഓട്ടോഗ്രാഫ് വാങ്ങാൻ. അദ്ദേഹം ശ്രദ്ധിക്കാതെ നടന്നു. അപ്പോൾ മനസ്സ് പറഞ്ഞു. "മാപ്പ്... താങ്കളുടെ ശ്രീധരനെ വായിച്ച്, ആ ശ്രീധരൻ ഞാൻ തന്നെയാണെന്നു കരുതി ഒരാഴ്ചയോളം നടന്ന ഞാൻ പറയുന്നു... മാപ്പ്".

താൻ പിന്തുടർന്ന രാഷ്ട്രീയ ആശയമാണ് മികച്ചതെന്ന് അച്ഛൻ പറഞ്ഞത് അതേ പോലെ വിശ്വസിച്ച്, മൂന്ന് വർഷവും തിരക്കുപിടിച്ച് ഓടുന്ന സംഘാടകരെ കാണുമ്പോൾ ധീരതയോടെ നയിച്ചോളു എന്നു പറഞ്ഞു. പക്ഷേ നല്ല ഹാസ്യചിത്രകാരനാവാൻ,എഴുത്തുകാരനാവാൻ ഈ രാഷ്ട്രീയ ബോധമൊന്നും പോരെന്ന് വി പി ഒരിക്കൽ സ്നേഹത്തോടെ നെഞ്ചോട് ചേർത്ത് വെച്ച് പറഞ്ഞു. വി.പി, ഞങ്ങൾ പള്ളിക്കരക്കാരുടെ റോൾ മോഡലായിരുന്നു. രാഷ്ടീയവും സാഹിത്യവും ഒരേ അനായാസതയോടെ കൈകാര്യം ചെയ്തയാൾ. ചരിത്രം പഠിക്കണം... ലോകത്തിന്റെ , രാജ്യത്തിന്റെ , പ്രദേശത്തിന്റെ , സ്വന്തം ഗ്രാമത്തിന്റെ ... വി.പി. തുടർന്നു. അദ്ദേഹത്തിന്റെ വാക്കുകൾക്ക് ഞാൻ വില കൊടുത്തു. 'ശശികല ' യിൽ നിന്നും റോഡിലേക്കിറങ്ങുമ്പോൾ ഒരു പിടി നന്ദി കാശ് പോലെ കീശയിൽ നിന്നും എടുത്ത് ഗേറ്റിന്റെ തൂണിൽ വെച്ചു.

  ഒരു സിനിമ പിറക്കാൻ വേദി ഒരുക്കിയ വീടാണ്. സംവിധായക ചർച്ച മുതൽ ഗാനങ്ങൾക്ക് ട്യൂൺ ചെയ്യൽ വരെ ഈ വീട്ടിൽ വെച്ച് നടന്നതാണ്. ശശികലയിൽ നിന്നും ഇറങ്ങി നടന്നത് ചരിത്ര പുസ്തകങ്ങൾ തേടിയായിരുന്നു. പരിചയമുള്ള ലൈബ്രറികളിലെല്ലാം മുകുന്ദനും, കുഞ്ഞബ്ദുള്ളയും, സേതുവും സക്കറിയയും കോട്ടയം പുഷ്പനാഥും ഒക്കെ കയറി ഇരിപ്പാണ്. ചരിത്രത്തെ കുറിച്ച് ആകെ കിട്ടിയത് നെഹ്റു എഴുതിയ കണ്ടെത്തലും, രണ്ടു വിദേശികൾ ഒരുമിച്ചെഴുതിയ സ്വാതന്ത്ര്യം എപ്പോൾ എന്ന പുസ്തകവും. വീണ്ടും വായനക്ക് പുസ്തകങ്ങൾ തേടിയപ്പോൾ വിരസമായ എഴുത്തുകൾ മാത്രം.

പള്ളിക്കര സ്കൂളിന്റെ അരികെ നിന്ന് പയ്യോളി ഹൈസ്കൂൾ വരെയുള്ള റോഡിനെ 'വി പി റോഡ്' എന്നാണ് നാട്ടുകാർ വിളിച്ചു പോന്നത്. ഒരിക്കൽ ശശികലയിൽ വി.പി ക്കരികെ ഇരിക്കുമ്പോൾ ഞാൻ ചോദിച്ചു. " വി.പി റോഡ് എന്ന പേര് സാറ് തന്നെ ഇട്ടതാണോ?" വി പി ഇരുന്നെടുത്തു നിന്നും ഏന്തി എന്റെ കൈയ്ക്ക് ഒരു തല്ല് തന്നുകൊണ്ട് പൊട്ടിച്ചിരിച്ചു." ഹേയ്, അത് ഞാൻ സ്ഥിരമായി ആ റോഡിലൂടെ കിഴക്ക് പടിഞ്ഞാറ് നടക്കലുണ്ടല്ലോ. അങ്ങനെ ഞാൻ ഏന്തി വലിഞ്ഞ് നടക്കുന്നത് കണ്ട ആരോ വിളിച്ച പേരാണ്. "എനിക്ക് അത്ഭുതം മറച്ചുവെക്കാനായില്ല.

  ജീവിച്ചിരിക്കുന്ന ഒരാളുടെ പേരിലുള്ള റോഡ്. പേര് സൂചിപ്പിക്കുന്ന ഒരു ബോർഡ് പോലും എവിടെയും ഒരിക്കൽ പോലും സ്ഥാപിക്കപ്പെട്ടിട്ടില്ലെങ്കിലും കൊച്ചു കുട്ടികൾക്ക് പോലും സുപരിചിതം. “സ്വന്തം നാട്ടിലെ ഒരു റോഡിന്റെ ചരിത്രം പോലും എനിക്ക് അറിയില്ലല്ലോ എന്നു ഞാൻ സങ്കടപ്പെട്ടു.”

Recent Post