കണ്ണടക്കാരി സുന്ദരിയുടെ പോർട്രെയ്റ്റും ശ്രീധരൻ മാഷ്ടെ കാലൻ കുടയും.
E Suresh

ഓരോരുത്തരേയായി സമീപിച്ചു. കിട്ടില്ല എന്ന് ഉറപ്പായപ്പോൾ ഡസ്കിൽ തല വെച്ച് കിടന്നു. ഉള്ളിൽ കരച്ചിൽ വന്നു. പുറത്ത് ഉറക്ക് നടിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ഒരാൾ തോളിൽ കൈ വെച്ചു. ഉണർന്നെന്നു വരുത്തി തല ഉയർത്തി. കണ്ണടക്കാരി സുന്ദരി. "നോട്ട് തരാം ,എന്റെ ഒരു പടം വരച്ചു തരണം. " വടിവൊത്ത അക്ഷരങ്ങളും അക്കങ്ങളും നിരന്ന നോട്ട്ബുക്കിലൂടെ കണ്ണുകൾ നീങ്ങി. കണ്ണടക്കാരി ഒരു വെള്ളക്കടലാസ് തന്ന് കണ്ണട അഴിച്ചു വെച്ച് മുന്നിലിരുന്നു. എന്റെ കണ്ണുകൾ നിറഞ്ഞു. കടലാസ്സിൽ രൂപപ്പെടുന്ന സുന്ദര രൂപത്തിൽ ശ്രദ്ധിച്ചു കൊണ്ട് കൂട്ടുകാരി പറഞ്ഞു. " കോളേജ് മാഗസിനിലേക്ക് രചനകൾ ആവശ്യപ്പെട്ടിട്ടുണ്ടല്ലോ. കൊടുക്കുന്നില്ലേ " . ഏതാനും ക്യാമ്പസ് കാർട്ടൂണുകൾ വരച്ച് അദ്ധ്യാപക പത്രാധിപരെ കണ്ടു. "വല്ല കഥയോ ,കവിതയോ , ലേഖനമോ ഉണ്ടെങ്കിൽ തരൂ. കാർട്ടൂൺ വേണ്ട. വിമർശനം പ്രശ്നങ്ങളുണ്ടാക്കും. " അന്നു രാത്രി ഇരുന്ന് ഒരു കഥ എഴുതി. രാവിലെ തന്നെ അദ്ധ്യാപകനെ ഏല്പിച്ചു. ഒന്നും പറയാതെ ഞാൻ കൊടുത്ത കടലാസുകൾ വാങ്ങി പുസ്തകത്തിൽ തിരുകി അദ്ദേഹം ഏതോ ക്ലാസ്സിലേക്ക് നടന്നു പോയി.

അന്നൊരു ശനിയാഴ്ച ആയിരുന്നു. ബോഗൺ വില്ല നിറഞ്ഞ 'കവിത ' യിലെത്തിയപ്പോൾ മാഷ് സ്കൂളിലുണ്ടാവുമെന്ന് മാഷുടെ ഭാര്യ പറഞ്ഞു. ആളൊഴിഞ്ഞ സ്കൂളിൽ പ്രധാന അദ്ധ്യാപകന്റെ കസേരയിൽ അദ്ദേഹം തല ചരിച്ച് കിടക്കുന്നു. ബീഡി പുക ഉയരുന്നതിനനുസരിച്ച് കാലുകൾ മേശ പുറത്ത് താളം പിടിക്കുന്നു... കഥ വായിച്ച് മാഷ് തിരിച്ചു തന്നു. "നീ നിന്റെ അച്ഛനേക്കാൾ നന്നാവും. അച്ഛൻ മടിയനാ.." പിന്നീട് രണ്ട് മൂന്ന് നാല് കഥകൾ കൂടി മാഷെ കാട്ടി. ഓരോ കൂടികാഴ്ചയിലും മാഷ് പറയും. "ഇനി അല്പം നടക്കാം " . വയൽ വരമ്പിലൂടെയുള്ള, ചെമ്മൺ റോഡിലൂടെയുള്ള ,കാടും മേടും കടന്നുള്ള ഒരു യാത്ര കടന്നുപോയത് വയൽ വക്കിലെ ഒരു കള്ളുഷാപ്പിന്നരികിലൂടെയായിരുന്നു. " എന്നും ചായ കുടിക്കലല്ലേ പതിവ് , ഇന്ന് ഇത്തിരി കള്ള് കുടിച്ചാലോ ." ഓല മേഞ്ഞ , ഓല കൊണ്ടു തന്നെ മറച്ച് മുറി തിരിച്ച ഷോപ്പിലെ പ്രായം ചെന്ന ഡസ്കിൽ കൈ വെച്ച് നരച്ച ബഞ്ചിലിരുന്നു. അടുത്ത ബഞ്ചിലിരുന്നയാൾ ബഹുമാനം പ്രകടിപ്പിച്ച ശേഷം മാഷോട് ചോദിച്ചു. കൂടെയുള്ള ആളും കഥ എഴുതുമോ എന്ന്. ലഹരി പിടിച്ചുള്ള അന്നത്തെ ബാക്കിയാത്ര മാഷുടെ ഒരു അനന്തരവളുടെ വീട്ടുപടിക്കലൂടെ ആയിരുന്നു. "ശ്രീധരമ്മാമാ എന്താ ഇതു വഴി " " നടക്കാനിറങ്ങിയതാ മോളേ .." "എങ്കിൽ വാ ചായ കുടിച്ച് പോകാം. "" പറ്റൂല മോളേ, ഞങ്ങൾ അല്പം കള്ള് കുടിച്ചിട്ടുണ്ട്. ചായ അതിന്റെ രസം കൊല്ലും. " മാഷുടെ അനന്തരവൾ എന്നെ നോക്കി കണ്ണുരുട്ടി.

ഇത്തിരി നടന്നു നീങ്ങിയപ്പോൾ മാഷ് നീളൻ കുട നിലത്ത് കുത്തി നടത്തം നിർത്തി എന്നോട് പറഞ്ഞു. "ഈ നീണ്ട നടത്തങ്ങളിൽ നിന്നാണ് എനിക്ക് കഥകൾ കിട്ടുന്നത്. വഴിയിൽ കണ്ടുമുട്ടുന്ന ഒരു ഉപേക്ഷിക്കപ്പെട്ട കളിപ്പാട്ടത്തിനു പോലും ഒരു കഥ പറയാനുണ്ടാകും. " കണക്കു ക്ലാസ്സുകളിൽ പതിവായി കയറി തുടങ്ങിയ എന്നോട് ഒരു നാൾ ജനാല അഴികൾക്കിടയിലൂടെ അകത്തേക്ക് പറന്നു വന്ന് മേശപ്പുറത്തിരുന്ന പനം തത്ത പറഞ്ഞു. "പ്രണയ ലേഖനമെഴുതി കഥ എഴുതാൻ പഠിച്ചു. അല്ലേ." അത് അഭിനന്ദനമായി എനിക്കു തോന്നിയില്ല. അവസാന വർഷ പരീക്ഷക്ക് തയ്യാറെടുക്കുന്ന കൂട്ടുകാർ പുസ്തകങ്ങളിൽ നിന്നും തല ഉയർത്തി ഒരു നിമിഷംഎന്നെ നോക്കി. പിന്നെ പുസ്തകത്തിലേക്കു തിരിഞ്ഞു. വീട്ടിലെത്തി കണ്ണാടിയിൽ നോക്കിയിരുന്നപ്പോൾ , കഥ പ്രസിദ്ധീകരിച്ചു വന്നപ്പോഴുണ്ടായ സന്തോഷമെല്ലാം തീർന്നു പോയി. മുഖത്ത് മീശ കുരുത്തു വരുന്നില്ല. എത്ര നാൾ ഐബ്രോ പെൻസിൽ കൊണ്ട് മീശ വരച്ചു നടക്കും...