കാർട്ടൂൺ മറന്ന കണക്ക് മാഷ്

 ഇ.സുരേഷിന്റെ ആത്മാന്വേഷണങ്ങൾ തുടരുന്നു
E Suresh 20-08-2022

 കോഴ്സ് പൂർത്തിയാക്കി മൈസൂരിൽ നിന്നും നാട്ടിലെത്തി. മഴയിൽ മുങ്ങിയ ആഴ്ചകൾ കഴിഞ്ഞപ്പോൾ നന്മണ്ട നിന്നും പ്രകാശന്റെ എഴുത്തുവന്നു. നമുക്ക് അടുത്ത ആഴ്ച മൈസൂരിലേക്ക് പോകാമോ എന്ന ചോദ്യത്തോടെ .മഴ അടങ്ങിയിരിക്കുന്നു. വയനാട് ചുരം ഇടിഞ്ഞും കെട്ടിഉണ്ടാക്കിയും വീണ്ടും കെട്ടിയുണ്ടാക്കിയും യാത്രക്ക് തുറന്നു കൊടുത്തിരിക്കുന്നു. മൈസൂർ യൂണിവേഴ്സിറ്റിയുടെ മരങ്ങൾ നിറഞ്ഞ മുറ്റത്ത് എത്തിയപ്പോൾ കൂട്ടുകാർ പലരും തണലുകളിലായി ഇരിപ്പുണ്ടായിരുന്നു. പ്രൊഫഷണൽ സർട്ടിഫിക്കറ്റ് കയ്യിൽ കിട്ടിയപ്പോൾ സന്തോഷം ഒന്നും തോന്നിയില്ല .നല്ല മാർക്കുണ്ട്. എന്നിട്ടും.അതൊരു ഇളങ്കാറ്റുള്ള ദിവസമായിരുന്നു.നനഞ്ഞ വെയിലുള്ള ദിവസവും . സർട്ടിഫിക്കറ്റ് ഭദ്രമായി ഫയലിൽ അടുക്കി ഹാൻഡ് ബാഗിൽ വെച്ചശേഷം അടുത്ത കൂട്ടുകാരെ തേടി നടന്നു. കന്നടക്കാരിൽ ആരെല്ലാമോ മധുരപലഹാരങ്ങൾ വിതരണം ചെയ്യുന്നുണ്ടായിരുന്നു. ആ ലഡുവിലും മൈസൂർ പാക്കിലും കാമധേനു നെയ്യിന്റെ രുചി ഉയർന്നിരുന്നു.
 അടുത്ത ദിവസം സിംഹപുരത്തെ ട്യൂട്ടോറിയൽ ലക്ഷ്യം വെച്ച് നടക്കുന്നതിനിടയിൽ രണ്ടു ബസ്സുകൾ കടന്നുപോയി .നാട്ടിൽ ബസ്സ് വരുന്നതിനു മുന്നേ ഇത് ബസ്സ് കയറിയിറങ്ങാനുള്ള ദൂരം ആയിരുന്നില്ല . സിംഹപുരം സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടക്കുന്ന വെടിക്കെട്ട് കാണാൻ എല്ലാവരും ടോർച്ച് വെളിച്ചം പോലും ഇല്ലാതെ നടക്കുകയായിരുന്നു. സിംഹപുരത്തെ ട്യൂട്ടോറിയലിൽ എത്തിയപ്പോൾ , പവിത്രൻ മാഷ് മുഖം നിറയെ സന്തോഷവുമായി എഴുന്നേറ്റു വന്നു സ്വീകരിച്ചു.ട്യൂട്ടോറിയലിന് താഴെയുള്ള ആനന്ദ് ഹോട്ടലിൽ ഇരുന്ന് പൊറോട്ടയും തക്കാളി കറിയും കഴിക്കവേ, ജോലിയാകുന്നതുവരെ ട്യൂട്ടോറിയൽ സേവനം പറ്റില്ലേ എന്ന് പവിത്രൻ ചോദിച്ചു . സിംഹപുരം സ്കൂളിൽ ഒരു ഗണിതശാസ്ത്ര അധ്യാപകന്റെ ഒഴിവ് വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 സിംഹപുരം സ്കൂളിൽ ചൂരൽ വടിയും ഒരുപിടി ചോക്കുമായി ക്ലാസ്സുകൾ കയറിയിറങ്ങി കണക്ക് പഠിപ്പിക്കുന്ന എന്നിലെ മാഷെ മനസ്സിൽ കണ്ടപ്പോൾ ചിരിച്ചു പോയി.അങ്ങനെയായാൽ നന്നായി. അമ്മയുടെ ആശിർവാദത്തോടെ അന്ന് വൈകിട്ട് അടുത്ത ഗ്രാമമായ പുറക്കാടേക്ക് പുറപ്പെട്ടു. അമ്മയുടെ അനുജത്തിയുടെ ഭർത്താവിനെ കാണാൻ . പുറക്കാട്ടുകാരുടെ പപ്പേട്ടൻ പറഞ്ഞാൽ സീറ്റ് ഉറപ്പ്. നീലവും കഞ്ഞി വെള്ളവും മുക്കി തേച്ച ഖദർമുണ്ടും ഷർട്ടും ധരിച്ച ,കഷണ്ടിയുള്ള, മീശ വെക്കാത്ത പപ്പേട്ടന്റെ കൂടെ ഞാൻ നടന്നു. സിംഹപുരത്തെ സ്കൂളിന്നടുത്തേക്ക്.

  "പപ്പേട്ടൻ പറഞ്ഞാൽ ഇവന് എച്ച് എമ്മിന്റെ പോസ്റ്റ് വരെ കൊടുക്കില്ല ഞങ്ങൾ . " മാനേജർ തോളിൽ തട്ടി ചേർത്ത് പിടിച്ചു കൊണ്ടു പറഞ്ഞു
 അടുത്ത ദിവസം മുതൽ ഒരാഴ്ചയോളം രാവിലെയുള്ള നടത്തം തുടങ്ങി . വീട് തൊട്ട് സ്കൂൾ വരെ . പിന്നെ തിരിച്ചും.ഏതോ ഒരു ദിവസത്തെ യാത്രയ്ക്കിടയിൽ ആരോ മനസ്സിൽ കയറിയിരുന്ന് എന്നെ പിന്തിരിപ്പിച്ചു. "ഇനി ഈ യാത്രയേ നിനക്ക് ഉണ്ടാവുള്ളൂ. ജോലിയിൽ ചേർന്ന് അടുത്തൂൺ പറ്റുന്നത് വരെ . "വടകരയ്ക്ക് കിഴക്ക് തീക്കുനിക്കടുത്ത് ഒരു ഹൈസ്കൂളിൽ ഗണിത ശാസ്ത്രത്തിന് ഒഴിവ് വന്നിട്ടുണ്ടെന്ന് ഒരു സുഹൃത്ത് എന്റെ കാതിൽ ഓതി.അത് കൊള്ളാമല്ലോ . വീട്ടിൽ നിന്ന്‌ വടകര വരെ പത്ത് കിലോമീറ്റർ . അവിടെ നിന്ന് തീക്കുനിക്ക് പത്ത് കിലോമീറ്റർ .ഇത്രയെങ്കിലും യാത്ര ചെയ്തില്ലെങ്കിൽ പിന്നെ എന്ത് ജീവിതയാത്ര .ഇതിനെല്ലാം ഉപരിയായി സ്കൂൾ ഒരു കുന്നിൻ മുകളിലാണ്. കുന്നുകയറിയാൽ നാട് മുഴുവൻ കാണാം.വൈദ്യുതി കമ്പികളോ ടാറിട്ട റോഡോ ഇല്ലാത്ത ഗ്രാമത്തിലെ സ്കൂൾ . മഹാഭാഗ്യം . ഒ വി വിജയൻ തസ്രാക്കിലെ ഒരു സ്കൂളിൽ പോയതുപോലെ . കാർട്ടൂണുകൾ വരയ്ക്കാം ,കഥയും എഴുതാം. വൈദ്യുതി കമ്പികൾ ഇല്ലാത്ത റോഡ് ഇല്ലാത്ത നാട്ടിലെ കഥ . [സ്കൂളിൽ ജോയിൻ ചെയ്യാനായി ചെന്ന ദിവസം വിദ്യാർത്ഥി സമരം ആയിരുന്നു. മുദ്രാവാക്യം വിളിച്ച് കുന്നിറങ്ങുന്ന സമരക്കാരിൽ ഒരു കുട്ടിയോട് ചോദിച്ചു "എന്തിനാണ് സമരം . "ആ കുട്ടി അടുത്ത കുട്ടിയോട് ചോദിച്ചു. അവൻ തൊട്ടടുത്ത കുട്ടിയോടും.സമരക്കാർകുന്നിറങ്ങി പോകുന്നത് നോക്കി നിന്നു . എന്നെ തട്ടിവിളിച്ചു മുകളിലോട്ട് കയറാനുള്ള സൂചന തന്നുകൊണ്ട് അച്ഛൻ പറഞ്ഞു. " തുടക്കത്തിൽ തന്നെ മുടക്കം ആണല്ലോ സുരേഷേ, നീ ഇവിടെ അധികകാലം വാഴില്ല എന്ന് ലക്ഷണം പറയുന്നു.
 ഒപ്പു പട്ടികയിൽ ആദ്യ ഒപ്പുവെച്ച് കുന്നിറങ്ങി തീക്കുനി അങ്ങാടിയിലെ ഏക ചായക്കടയിൽ കയറി. ചെമ്മൺപാതയിലൂടെ പൊടിമണ്ണ് ഉയർത്തി കടന്നുപോകുന്ന ജീപ്പുകളും ഒറ്റപ്പെട്ട ബസ്സുകളും കടയിലെ ഓരോ ജീവ അജീവ വസ്തുക്കൾക്കും പൗഡർ പൂശി കൊടുത്തിരുന്നു. ചുവന്ന പൗഡർ . [വീട്ടിലെത്തിയപ്പോൾ ഒരു ദീർഘ യാത്ര കഴിഞ്ഞു വന്ന ക്ഷീണം.പപ്പേട്ടന്റെ കൂടെ പോയി വീടിനടുത്തുള്ള സിംഹപുരത്തെ സ്കൂളിൽ ചേരാതെ, അങ്ങേയതോ നാട്ടിൽ കിടക്കുന്ന സ്കൂളിൽ ചെന്നു ചേർന്നതിൽ അമ്മയ്ക്ക് പരിഭവം ഏറെയായിരുന്നു. മേശപ്പുറത്ത് കിടക്കുന്ന പുതിയ മാതൃഭൂമി വാരിക ചൂണ്ടിക്കാട്ടി അമ്മ പറഞ്ഞു. " നിന്റെ കാർട്ടൂൺ വന്നിട്ടുണ്ട്. " സന്തോഷം ഒരു കൊടുങ്കാറ്റായി, നെഞ്ചിലേക്ക് വീശി. മാതൃഭൂമി വാരിക ഒറ്റ കുതിപ്പിൽ കയ്യിലാക്കി പേജുകൾ മറച്ചു .

  ഒടുവിൽ കുട്ടികളുടെ ഫോട്ടോകൾ ചേർന്ന പേജിൽ ,കൊച്ചു കൊച്ചു കഥകൾക്കു ചുവടെയായി നിവർന്നു നിൽക്കുന്ന എൻ്റെ കാർട്ടൂൺ കണ്ടു. ഒന്നൊന്നര വർഷങ്ങൾക്ക് മുന്നേ കുഞ്ഞുണ്ണി മാഷക്ക് ഏൽപ്പിച്ച കണ്ണട കാർട്ടൂൺ.

***

Recent Post