ഗുരുവായൂരപ്പൻ കോളേജിലെ പച്ചപനന്തത്ത; കാർട്ടൂൺ വരപ്പിലെ പ്രണയവഴികൾ.

 ഇ.സുരേഷിൻ്റെ ആത്മകഥാസഞ്ചാരം തുടങ്ങുന്നു
E Suresh
 കോഴിക്കോട് നഗര പരിധിയിലുള്ള കുന്നുകൾക്കു മുകളിൽ ഇന്ന് ധാരാളം പഠന കേന്ദ്രങ്ങളുണ്ട്. അന്ന്, കുന്നുകളെയെല്ലാം ചെറുതാക്കി പൊക്കുന്നിനു മുകളിലായി ഒരു കോളേജെ ഉണ്ടായിരുന്നുള്ളു. ഗുരുവായൂരപ്പൻ കോളേജ് . വിശാലമായ ഗ്രൗണ്ടിൻ്റെ അറ്റത്തു ചെന്നു നിന്നാൽ നഗരം മൊത്തം കാണാം. ദൂരെ അനന്ത നീലയെ പിറകിലാക്കി തെളിഞ്ഞു നിൽക്കുന്ന മെഡിക്കൽ കോളേജ്, അതിലും ഒത്തിരി ദൂരെയായി വെള്ളിയാങ്കല്ല്. കുന്നും താഴ്‌വരയും മഞ്ഞിൽ മുങ്ങി നിൽക്കുന്ന പ്രഭാതങ്ങളിൽ കോളേജിൽ നേരത്തെ എത്തും - ചില ഭ്രാന്തന്മാർ . ആകാശം കടലിലേക്കും തെങ്ങിൽ തലപ്പുകളിലേക്കും ചായം വാരി എറിഞ്ഞ് പെയ്ന്റ് ചെയ്യുന്നതു കാണാനായി നേരം പുലരും മുന്നെ ഗ്രാമങ്ങളിൽ നിന്നും ബസ്സിൽ കയറി, ബസ്സുകൾ മാറി മാറി കയറി കോളേജിലേക്ക് പ്രവേശിക്കുന്നവർ. അവർ കുന്നിന്നരികിൽ ഒറ്റയായോ ഇരട്ടയായോ ഇരുന്ന് ചിത്രം നോക്കി വരച്ചും കവിത നോക്കി എഴുതിയും ചുമ്മാതെ ഇരുന്നും നേരം പോകുന്നതറിയാതെ, കാലം പോകുന്നതറിയാതെ,ബിരുദവും ചുമലിലേറ്റി താഴെ ഭൂമിയിലേക്ക് ഇറങ്ങുന്നു. പള്ളിക്കര എന്ന ഗ്രാമത്തിൽ നിന്നും പി.കെ. മോട്ടോർസ് എന്ന ഇടിഞ്ഞു പൊളിഞ്ഞ ഗ്രാമ ബസ്സിൽ കയറി കൊയിലാണ്ടി ഇറങ്ങി,കണ്ണൂരിൽ നിന്നും കോഴിക്കോട്ടേക്ക് പറക്കുന്ന ബസ്സിൽ മാറി കയറി, മാനാഞ്ചിറ നിന്നും പെരുമണ്ണക്കുള്ള പച്ച ബസ്സിലെ തിരക്കിലേക്കു കയറി,പൊക്കുന്നിലിറങ്ങി നടന്ന എനിക്ക് ചിത്രരചനയിൽ പുതിയ ദിശ പറഞ്ഞു തന്നത് പടിഞ്ഞാറു നിന്നും വീശി വന്ന ഏതോ ഒരു കടൽ കാറ്റായിരുന്നു. ഒരു നാൾ മാനാഞ്ചിറ നിന്നും തിരക്കുള്ള പച്ച ബസ്സിലേക്കു കയറി മുന്നിലെ തിരക്കൊഴിഞ്ഞ ഇടം നോക്കി ചിത്രശലഭത്തെ പോലെ വർണ്ണങ്ങളാൽ അലംകൃതയായി,സൗന്ദര്യത്തിന്റെ സൗരഭ്യങ്ങളെ ഇളം കാറ്റിൽ പാറി പറക്കാൻ വിട്ട് ഒതുങ്ങി നിന്ന പെൺകുട്ടി മനസ്സിൽ കയറി ഇരുന്നപ്പോൾ, ചങ്ങാതിമാർ പ്രോത്സാഹനത്തിൻ്റെ പനനീർ പുഷ്പങ്ങൾ ഹിപ്പി ചുരുൾ മുടിയിലേക്ക് വാരിയിട്ടു.


"Interestingly,it was India's most global cartoonist,the late Abu Abraham,who first endorsed Suresh.Abu saw his Sonia caricature in The Statesman and loved it.Do you know this boy,he asked me one evening at the India International Centre"- E.P Unni


പൂക്കാലം പോലെ കൂട്ടുകാരൊത്ത് ഒരു ക്ലാസ്സിൽ നിന്നും മറ്റൊരു ക്ലാസ്സിലേക്കു നടന്നു നീങ്ങവേ, ഒരു പൂ പറിക്കാനെന്ന ഭാവേന അടുത്തു ചെന്നു ഞാൻ ചോദിച്ചു: 'ജീവിതത്തിലേക്കു ക്ഷണിക്കട്ടെ ...'ആ വാചകം ഏതോ സുഹൃത്തിൻ്റെ ഭാവനയായിരുന്നു.മുഖത്ത് സങ്കടം വരുത്തി പെൺകുട്ടി മൊഴിഞ്ഞു : "എനിക്ക് അഞ്ച് ആങ്ങളമാരാണ് ഉള്ളത്. അഞ്ചു പേരേയും അങ്കത്തിൽ തോല്പിച്ചാൽ ഞാൻ വരാം.' പള്ളിക്കര നിന്ന് അല്പം കൂടി വടക്കു മാറി കടത്തനാട് പോയി അങ്ക മുറ പഠിച്ച് വരാനായി ആശിർവദിച്ച് കൂട്ടുകാർ പാർട്ടി നടത്തി. സദാ കാച്ചിയ പപ്പടത്തിന്റെ മണം പൊഴിക്കുന്ന കോളേജ് ക്യാന്റീനിൽ വെച്ച്. കളി കാര്യമായി. ഞാൻ കളരിയിലേക്ക് പോകുന്നു എന്നറിഞ്ഞ കാമിനി സുഹൃത്തുക്കളുടെ കയ്യിൽ പ്രണയ ലേഖനം തിരിച്ചയച്ചു. പടിഞ്ഞാറ് നിന്നും വന്ന കാറ്റ് മന്ദസ്മിതത്തോടെ ചോദിച്ചു: നിനക്ക് നിന്നെ തന്നെ പരിഹസിച്ചു കൊണ്ട് ചിത്രങ്ങൾ വരച്ചു കൂടെ ' . പിന്നെ സ്വയം പരിശോ ധനയായി. കണക്ക് പഠിക്കാൻ തെക്കോട്ടു വന്ന ഞാൻ കളരി പഠിക്കാൻ വടക്കോട്ടു തിരിക്കുന്നു. ആദ്യത്തെ ഹാസ്യ ചിത്രം അതു തന്നെ ആയി. എന്റെ എനിക്കു മേലുള്ള ആരോപണങ്ങൾ തീർന്നപ്പോൾ ബാക്കി കൂട്ടുകാരുടെ പക്കലുണ്ടോ എന്നു പരതി. അതും തീർന്നപ്പോൾ അദ്ധ്യാപകരുടെ നര കയറിയ മീശ മേലായി. എല്ലാം എടുത്തു വെച്ചപ്പോൾ ഒരു പ്രദർശനത്തിനുള്ള വകയുണ്ട്. പ്രദർശനത്തിനെത്തിയ ഒരു അദ്ധ്യാപകൻ ഹസ്തദാനം കൊണ്ട് പുളകിതനാക്കിയ ശേഷം പറഞ്ഞു... മീഞ്ചന്ത ചെന്ന് കുഞ്ഞുണ്ണി മാഷെ കാണണം. ' അന്ന് കുന്നിറങ്ങുമ്പോൾ മനസ്സിൽ പാടി. കടലിൽ കടുകല്ല , കടുകിൽ കടലാണ്...


"Attracted to the unique simplicity and controlled economy of Suresh's lines, i invited him to contribute caricatures and illustrations for the art pages,I used to edit in the Economic Times" - Sadanand menon


കുഞ്ഞുണ്ണി മാഷ് ചിത്രങ്ങൾ ഓരോന്നായി നോക്കി. ചിലതിനെ നോക്കി പുഞ്ചിരിച്ചു. പിന്നെ ചോദിച്ചു: പ്രണയം ങ്ങട് കൂടി അല്ലേ .. "അതൊരു മോഹ വലയമായിരുന്നു മാഷേ .." മോഹവലയമല്ല ... മായാവലയം ." മാഷ് ചിരിച്ചു. മാഷ് ചിരിക്കുമ്പോൾ മേശ പുറത്ത് ഒതുക്കി വെച്ച പളുങ്കു കുപ്പികളിലെ കൽക്കണ്ടി കഷണങ്ങളും വളപ്പൊട്ടുകളും ഒന്നിച്ചു ചിരിച്ചു. ആ ചിരി വലയത്തിൽ പെട്ട ഞാൻ സങ്കടപ്പെട്ടു. ചിരി പെട്ടന്നു നിന്നു. മാഷ് ഗൗരവക്കാരനായി." വരച്ചതൊക്കെ നന്ന്. എന്നാൽ അത്ര അങ്ങട്ട് നന്നായതുമില്ല. കാർട്ടൂൺ എന്നാൽ പാൽ പായസം പോലെ ഇരിക്കണം. വരയും കുറിയും മധുരവും എല്ലാം പാകത്തിനു ചേരണം. " കുഞ്ഞുണ്ണി മാഷെ കണ്ടിറങ്ങുമ്പോൾ ഒരു യാത്രയുടെ തുടക്കമായിരിക്കും അതെന്നു തോന്നി. നല്ല പാൽ പായസം വെയ്ക്കാനുള്ള യാത്ര. പാൽ പായസത്തിൽ പാലും പഞ്ചസാരയും അരിയും വെള്ളവും ചേരുംപടി ചേർക്കുന്ന കയ്യടക്കത്തോടെ ഞാൻ വരയും വാക്കും ചിന്തയും നർമ്മവും പാകം തെറ്റാതെ ചേർക്കാൻ പഠിച്ചു തുടങ്ങി.

Recent Post